പൗരാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സാമിക്ക് വേണ്ടി എത്രത്തോളം ഇടപെടൽ നടത്താനായി എന്ന കാര്യത്തിൽ കത്തോലിക്ക സഭ ആത്മവിമർശനം നടത്തണം. സ്റ്റാൻ സാമിയുടെ നിര്യാണം വേദനാജനകമാണ്. ആദിവാസികളുടേയും പിന്നാക്കക്കാരുടേയും മനുഷ്യാവകാശത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു സ്റ്റാൻ സാമി. അദ്ദേഹത്തെ പോലെ ഒരാൾക്ക് ജയിലിൽ കിടന്നു മരിക്കേണ്ടി വന്നതിലൂടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നാണ് വ്യക്തമാവുന്നത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുവെന്ന് പലരും പറയാറുണ്ട്. ജനാധിപത്യവും മനുഷ്യാവകാശവും ഇല്ലാതാവുമ്പോള്‍ ജനാധിപത്യം സംരക്ഷിക്കാന്‍ സമൂഹം തയ്യാറാവണം’ ഇതാണ് ഓൺലൈനിൽ വായിക്കാൻ സാധിച്ച ഫാദര്‍ തേലക്കാട്ടിൻ്റെ പ്രതികരണം.
ക്രൈസ്തവ പുരോഹിതനാണ് തടവിൽ കഴിയവെ ദാരുണമായി മരണപ്പെട്ട ഫാദർ സ്റ്റാൻ സാമി. മഹാനായ ഈ മനുഷ്യാവകാശ പോരാളിയുടെ അറസ്റ്റിനും അന്യായമായ തടങ്കലിനും യാതനാപൂർണമായ ജയിൽവാസത്തിനുമെതിരെ ശക്തമായ പ്രതിഷേധ ശബ്ദങ്ങൾ സ്വാഭാവികമായും ഉയരേണ്ടിയിരുന്നത്, അദ്ദേഹം അംഗമായ കത്തോലിക്ക സഭയിൽ നിന്നും ക്രൈസ്തവ മത വിശ്വാസികളിൽ നിന്നുമായിരുന്നു. പക്ഷേ, ക്രിയാത്മകമായ ഇടപെടലുകളോ, പ്രസ്താവ്യമായ പ്രതിഷേധങ്ങളോ ഈ മേഖലയിൽ നിന്ന് ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇതുകൊണ്ടു തന്നെയാകണം, ഫാദർ പോൾ തേലക്കാട്ട് ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തുവന്നത്.
‘പൗരാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സാമിക്ക് വേണ്ടി എത്രത്തോളം ഇടപെടൽ നടത്താനായി എന്ന കാര്യത്തിൽ കത്തോലിക്ക സഭ ആത്മവിമർശനം നടത്തണം. സ്റ്റാൻ സാമിയുടെ നിര്യാണം വേദനാജനകമാണ്. ആദിവാസികളുടേയും പിന്നാക്കക്കാരുടേയും മനുഷ്യാവകാശത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു സ്റ്റാൻ സാമി. അദ്ദേഹത്തെ പോലെ ഒരാൾക്ക് ജയിലിൽ കിടന്നു മരിക്കേണ്ടി വന്നതിലൂടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നാണ് വ്യക്തമാവുന്നത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുവെന്ന് പലരും പറയാറുണ്ട്. ജനാധിപത്യവും മനുഷ്യാവകാശവും ഇല്ലാതാവുമ്പോള്‍ ജനാധിപത്യം സംരക്ഷിക്കാന്‍ സമൂഹം തയ്യാറാവണം’ ഇതാണ് ഓൺലൈനിൽ വായിക്കാൻ സാധിച്ച ഫാദര്‍ തേലക്കാട്ടിൻ്റെ പ്രതികരണം.
സംഘ പരിവാർ ഫാഷിസ്റ്റുകൾ രാജ്യത്തിൻ്റെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച മൂന്ന് വിഭാഗങ്ങളിൽ ഒന്നാണ് ക്രൈസ്തവ സമൂഹം. കമ്യൂണിസ്റ്റുകാരും മുസ്ലിംകളുമാണ് മറ്റു രണ്ട് വിഭാഗങ്ങൾ. ക്രൈസ്തവർക്കെതിരായ പലതരം ആക്രമണങ്ങളിലൂടെ സംഘ് പരിവാർ ഈ ശത്രുത തെളിയിച്ചിട്ടുമുണ്ട്. ‘ക്രൈസ്തവർക്കെതിരെ ഇന്ത്യയിൽ സംഘ് പരിവാർ ആക്രമണങ്ങൾ പെരുകുന്നു’ എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വരികയും ചെയ്തു. ഗ്രഹാം സ്റ്റയിനെ ചുട്ട് കൊന്നതും ഒറീസയിൽ വ്യാപകമായ വംശീയ ആക്രമണം നടത്തിയതും പലയിടങ്ങളിൽ കന്യാസ്ത്രീകളെയും ക്രിസ്ത്യൻ പുരോഹിതരേയും ആക്രമിച്ചതും ഇതിൻ്റെ തെളിവുകളാണ്.
ഇപ്പോഴിതാ സ്റ്റാൻ സാമിയുടെ ‘ഭരണകൂട കൊലപാതകവും’! സ്വാഭാവികമായും, സംഘപരിവാർ ഫാഷിസത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ക്രൈസ്തവ മത നേതൃത്വത്തിൽ നിന്നും ഉയരേണ്ടതായിരുന്നു. എന്തുകൊണ്ടാണ് അത് ഇല്ലാതെ പോകുന്നത്? ഫാദർ സ്റ്റാൻ സാമിക്ക് വേണ്ടി എന്തുകൊണ്ട് കത്തോലിക്ക സഭ രംഗത്ത് വന്നില്ല?
സ്ത്രീ പീഡനം, ബലാത്സംഗം, കന്യാസ്ത്രീ പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ആരോപിക്കപ്പെട്ട, പ്രതിക്കൂട്ടിൽ നിർത്തപ്പെട്ട മതപുരോഹിതരുടെ വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കപ്പെടുന്നതെന്ന് നാം കണ്ടതാണ്! എത്ര വലിയ വക്കീലുമാരാണ് അവർക്ക് വേണ്ടി ഹാജരാകുന്നത്! എന്നാൽ, യേശുവിൻ്റെ പാത പിന്തുടർന്ന്, ദുർബലർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി രംഗത്തിറങ്ങിയ ഫാദർ സ്റ്റാൻ സാമിക്ക് എന്ത് പിന്തുണയാണ് ലഭിച്ചത്? എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ്? ഫാദറിനെ അന്യായമായി തടവിലിട്ട് പീഡിപ്പിച്ച ബി.ജെ.പി ഭരണകൂടത്തിനെതിരെ ശബ്ദിക്കാതിരിക്കുന്നത്, യഥാർത്ഥത്തിൽ ഈ ജന വിരുദ്ധ ഭരണത്തെ പിന്തുണക്കുന്നതിന് തുല്യമല്ലേ? ഫാഷിസ്റ്റ് അധികാര വാഴ്ച്ചക്കെതിരെ മൗനം പാലിക്കുന്നത് ഫാഷിസത്തെ അനുകൂലിക്കൽ തന്നെയല്ലേ! ഈ മൗനം കൊണ്ട് ഫാഷിസ്റ്റുകളുടെ തൃഷൂലമുനകളിൽ നിന്ന് രക്ഷപ്പെടാമെന്ന് മത സഭകളും സമുദായങ്ങളും കരുതുന്നുണ്ടോ?എങ്കിൽ, ജർമ്മൻ ക്രൈസ്തവ പുരോഹിതൻ, പാസ്റ്റർ നിമ്മോളർ പറഞ്ഞതുപോലെ, ഹിറ്റ്ലർ ജൂതരെയും കമ്മ്യൂണിസ്റ്റുകാരെയും തേടിവന്നപ്പോൾ മൗനമവലംബിച്ചാൽ, പിന്നെയവർ ക്രൈസ്തവരേയും തേടി വരും! അപ്പോൾ അവർക്കു വേണ്ടി സംസാരിക്കാൻ ആരുമുണ്ടാകില്ല. ഓർക്കുക, ഫാഷിസ്റ്റ് കാലത്തെ മൗനം വംശഹത്യക്കുള്ള സമ്മതപത്രമാണ്!
