മുസ്ലീം ജനസംഖ്യയുടെ വളർച്ചാ നിരക്ക് ഹിന്ദുക്കളേക്കാൾ ഉയർന്നതാണെങ്കിലും, വ്യത്യസ്തരായ ഹിന്ദു, ആദിവാസി സമുദായങ്ങളുടെ കണക്കുകൾ മൊത്തം പരിശോധിച്ചാൽ ഇവ രണ്ടും സമമാണെന്ന് വ്യക്തമാകും. രണ്ട് കുട്ടികളേ ഉണ്ടാകാൻ പാടുള്ളു എന്ന നയം പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് നമുക്കറിയാവുന്നതാണ്. എന്നാൽ, ഇത്തരം നയങ്ങളുടെ ലക്ഷ്യം, നിശ്ചിത ഗ്രൂപ്പുകളുടെയോ, കമ്മ്യൂണിറ്റികളുടെയോ ജനസംഖ്യ നിയന്ത്രിക്കുക എന്നല്ല, മറിച്ച് രാജ്യത്തിന്റെ മൊത്തം ജനസംഖ്യ കുറക്കുക എന്നതായിരുന്നു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഒരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. “സംസ്ഥാനം അനുഭവിക്കുന്ന ദാരിദ്ര്യവും മറ്റ് സാമൂഹിക പ്രശ്നങ്ങളും ഇല്ലാതാക്കാൻ മുസ്ലിംകൾ കുടുംബാസൂത്രണ നയം സ്വീകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ പ്രസ്താവന നടത്തുക വഴി മുസ്ലിം സമുദായത്തിന്റെ ജനസംഖ്യാ വളർച്ചാ നിരക്കിനെക്കുറിച്ച് നിലവിലുള്ള ധാരണകൾ ഒന്നുകൂടി ഉറപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
ജനസംഖ്യ വർധിച്ചാൽ മുസ്ലിംകൾ ഇന്ത്യയിൽ വൻ ഭൂരിപക്ഷമാകാനും, അതുവഴി ഒരു ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കാനും സാധ്യത ഉണ്ടന്നാണ് ഇത്തരം പ്രചാരണത്തിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. വിശ്വഹിന്ദു പരിഷത്തിലെ സാധ്വി പ്രാചി, ബി.ജെ.പി പാർലമെന്റ് അംഗം സാക്ഷി മഹാരാജ് എന്നിവർ ഹിന്ദുക്കളോട്, പ്രത്യേകിച്ചും ഹിന്ദു സ്ത്രീകളോട് പറഞ്ഞത് ഇങ്ങനെയാണ്; “മുസ്ലികളുടെ ജനസംഖ്യ വളർച്ച തടയണമെങ്കിൽ നിങ്ങൾക്ക് കൂടുതൽ കുട്ടികളുണ്ടാകണം”. എത്ര വിചിത്രമായ പ്രസ്താവനയാണിത്. സമുദായം തിരിച്ചുള്ള ഇത്തരം തെറ്റായ പ്രചരണങ്ങളും പ്രസ്താവനകളുമെല്ലാം ഒരു സമൂഹത്തെയല്ല ബാധിക്കുക. മറിച് മുഴുവൻ സമൂഹത്തെയും പരിഹസിക്കുകയാണ് ഇത് ചെയ്യുന്നത്.
മുസ്ലീം ജനസംഖ്യയുടെ വളർച്ചാ നിരക്ക് ഹിന്ദുക്കളേക്കാൾ ഉയർന്നതാണെങ്കിലും, വ്യത്യസ്തരായ ഹിന്ദു, ആദിവാസി സമുദായങ്ങളുടെ കണക്കുകൾ മൊത്തം പരിശോധിച്ചാൽ ഇവ രണ്ടും സമമാണെന്ന് വ്യക്തമാകും. രണ്ട് കുട്ടികളേ ഉണ്ടാകാൻ പാടുള്ളു എന്ന നയം പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് നമുക്കറിയാവുന്നതാണ്. എന്നാൽ, ഇത്തരം നയങ്ങളുടെ ലക്ഷ്യം, നിശ്ചിത ഗ്രൂപ്പുകളുടെയോ, കമ്മ്യൂണിറ്റികളുടെയോ ജനസംഖ്യ നിയന്ത്രിക്കുക എന്നല്ല, മറിച്ച് രാജ്യത്തിന്റെ മൊത്തം ജനസംഖ്യ കുറക്കുക എന്നതായിരുന്നു.
1951ൽ നടന്ന സെൻസസ് പ്രകാരം മുസ്ലീം ജനസംഖ്യ 9.8 ശതമാനമായിരുന്നു എന്നാൽ അത് 2011 ൽ എത്തിയപ്പോൾ 14.2 ശതമാനവുമായി. അതേയവസരത്തിൽ തന്നെ 1951ൽ ആദിവാസികളുടെ എണ്ണം 5.6% ആയിരുന്നു. എന്നാൽ 2011-ൽ അത് 8.6% ആയി. ഇവിടെ രണ്ട് സമുദായങ്ങളുടെയും ജനസംഖ്യയിൽ വളർച്ചയുണ്ടായിട്ടുണ്ട്. എന്നാൽ ആദിവാസി സമുദായം ഉയർന്ന് വരാത്തതിന് പ്രധാന കാരണം വിദ്യാഭ്യാസമില്ലായ്മയും, ദാരിദ്രവുമാണ്.
ഇനി 2001ൽ 13.4 ശതമാനമുണ്ടായിരുന്ന ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ, 2011 ൽ 14.2 ശതമാനമായി ഉയർന്നിട്ടുണ്ട്. മുസ്ലിം ജനസംഖ്യയുടെ ദശാബ്ദ വളർച്ചാ നിരക്ക് നോക്കുകയാണങ്കിൽ 2011ൽ ഇത് 32.8 ശതമാനത്തിൽ നിന്ന് 24.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതായത് 20 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു 2011ലേത്. എന്നാൽ ഹിന്ദുക്കളുടെ കണക്ക് പരിശോധിക്കുകയാണെങ്കിൽ 1991ൽ 22.7 ശതമാനമുണ്ടായിരുന്നത് 2011 ആയപ്പോഴേക്കും 16.7 ശതമാനമായി കുറഞ്ഞു. ഇതിൽ നിന്ന് നമുക്ക് മനസിലാകുന്ന കാര്യമാണ് ഇരു സമുദായങ്ങളുടെയും വളർച്ച സാമാന്തരമായി കൂടുകയും കുറയുകയും ചെയ്യുന്നുണ്ടന്ന്. മാത്രമല്ല, സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക നിലയിലെ മാറ്റങ്ങളും ജനസംഖ്യയുടെ വളർച്ചാ നിരക്കിനെ ബാധിക്കുന്നുണ്ട് .അല്ലാതെ മതം ഒരിക്കലും ഇതിൽ ഒരു ഘടകമായി വർത്തിക്കുന്നില്ല എന്നതാണ് ശരി.
ബഹുഭാര്യത്വം മൂലമാണ് മുസ്ലിംകൾക്ക് കൂടുതൽ കുട്ടികളുണ്ടാകുന്നത് എന്ന വാദവും തെറ്റാണ്. കാരണം ഇന്ത്യയിലെ ഹിന്ദുക്കളിലും മുസ്ലിംകളിലും ബഹുഭാര്യത്വം വളരെ സമാനമായാണ് നടക്കുന്നത്. അതിൽ മുസ്ലിം സമുദായത്തെ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല.
ഇന്ത്യയിൽ ജീവിക്കുന്ന സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച സമിതി പറയുന്നത് ഇങ്ങനെയാണ്;’1974 ഉണ്ടായിരുന്ന ബഹുഭാര്യത്വ നിയമം മുസ്ലിംകൾക്ക് മാത്രമുള്ളതല്ലന്നും മറിച്ച് ഇന്ത്യയിലെ എല്ലാ സമുദായങ്ങളിലും അത് പ്രചാരത്തിലുണ്ടായിരുന്നു’ എന്നുമാണ്. ഗോത്രവർഗക്കാർക്കിടയിൽ ബഹുഭാര്യത്വം 15.2% ഉണ്ടായിരുന്നപ്പോൾ ബുദ്ധമതക്കാരിൽ ഇത് 9.7% മായിരുന്നു. എന്നാൽ ജൈനന്മാർക്ക് ഇത് 6.7% ത്തോളവും ഹിന്ദുക്കൾക്ക് 5.8% മായിരുന്നു . 5.7 ശതമാനം മാത്രമാണ് മുസ്ലീങ്ങൾക്ക് ഉണ്ടായിരുന്നത്.
ചുരുക്കത്തിൽ, ഫെർട്ടിലിറ്റി റേറ്റ് ജനസംഖ്യാപരമായ മാറ്റങ്ങൾ മനസ്സിലാക്കുന്നതിനുള്ള മികച്ച ചിത്രമാണ് നൽകുന്നതന്ന് മനസിലാകും. നാഷ്ണൽ ഫാമിലി ഹെൽത്ത് സർവേ, 2005-06ലെ കണക്കനുസരിച്ച് ഹിന്ദു, മുസ്ലീം ഫെർട്ടിലിറ്റി നിരക്ക് തുല്യ വേഗതയിൽ കുറയുന്നു എന്നാണ് പറയുന്നത്. 2004-05 ൽ ഇന്ത്യൻ സ്ത്രീകളുടെ ശരാശരി ഫെർട്ടിലിറ്റി മൂന്ന് ആയിരുന്നു. എന്നാൽ ഹിന്ദു സ്ത്രീകളിൽ ഇത് 2.8 ശതമാനമായിരുന്നു.
ദേശീയ ഫെർട്ടിലിറ്റി നിരക്ക് 2.2 ശതമാനമായി കുറഞ്ഞുവെന്നാണ് 2014-ൽ ദേശീയ കുടുംബ ആരോഗ്യ സർവേ കണ്ടത്തിയത്. അവരുടെ കണക്കനുസരിച് ഫെർട്ടിലിറ്റി റേറ്റ് ഹിന്ദു സ്ത്രീകളിൽ 2.13 ശതമാനമാണ്. അതായത് 0.67% കുറവ്. എന്നാൽ, മുസ്ലീങ്ങൾക്കിടയിൽ 2.62 ശതമാനമാണ്, 0.78% കുറവ്. കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 2.3 ശതമാനമാകുമ്പോൾ കർണാടകയിൽ ഇത് 2.2 ശതമാനമത്രെ. എന്നാൽ, ആന്ധ്രപ്രദേശിൽ എത്തുമ്പോൾ 1.8 ശതമാനമായി കുറയുകയാണ്.
2011 ലെ സെൻസസ് പ്രകാരം മുസ്ലിംകളുടെ ജനസംഖ്യ 17.2 കോടിയാണ് എന്നാൽ ഹിന്ദുക്കൾ 96.6 കോടിയോളം ഉണ്ട്. ഏകദേശം 79%. ശതമാന അടിസ്ഥാനത്തിലുള്ള കണക്കുകൾ അനുസരിച്ച് ജനസംഖ്യയിൽ ഹിന്ദു വിഹിതം ഇപ്പോൾ 79.8 ശതമാനവും മുസ്ലീങ്ങളുടെ വിഹിതം 14.2 ശതമാനവുമാണ്. ഇത്, 2050 ഓടെ 31 കോടി മുസ്ലീങ്ങളും, 130 കോടി ഹിന്ദുക്കളും ഉണ്ടാകുമെന്നാണ് പല പഠനങ്ങളും പ്രവചിക്കുന്നത്. അതിനാൽ, കുറഞ്ഞുവരുന്ന ഹിന്ദു ജനസംഖ്യക്കും ന്യൂനപക്ഷങ്ങളുടെ എണ്ണം കൂടുന്നതിനും ഇവർ കണ്ടത്തുന്ന ന്യായത്തിന് യാതൊരു അടിസ്ഥാനവുമില്ല.
ബിശ്വാസ് ശർമ്മയുടെ ഇത്തരം വിനാശകരമായ പ്രസ്താവനകൾ സാമൂഹിക ധ്രുവീകരണത്തെയാണ് ശക്തിപ്പെടുത്തുന്നത്. നിർഭാഗ്യവശാൽ, മുസ്ലീം ജനതയെക്കുറിച്ചുള്ള നിരവധി അസത്യങ്ങളും, വാർത്തകളും സോഷ്യൽ മീഡിയയിൽ ഇക്കാലത്ത് വർധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വസ്തുതകൾ കൃത്യമായി സമൂഹത്തിന് മുമ്പിൽ എത്തിക്കുകയും ദുഷ്പ്രചാരങ്ങൾക്കെതിരെ ശരിയായ അവബോധം വളരുകയും ചെയ്യേണ്ടതുണ്ട്.

