തെരുവ് കച്ചവടക്കാരെ ലക്ഷ്യംവെച്ച് വിദ്വേഷ പ്രചാരണത്തിന് ഒരുങ്ങുന്ന സംഘ് പരിവാറിൻ്റെ, ‘റേഡി ജിഹാദ്’ എന്ന പുതിയ കാമ്പയിൻ സൃഷ്ടിക്കാവുന്ന അപകടങ്ങളെക്കുറിച്ച്
ലൗവ് ജിഹാദ്, ലാൻഡ് ജിഹാദ്, കൊറോണ ജിഹാദ്, സിവിൽ സർവീസ് ജിഹാദ് തുടങ്ങിയ പ്രചാരണങ്ങൾക്ക് ശേഷം പുതിയൊരു ‘ജിഹാദീ കെട്ടുകഥ’യുമായി രംഗത്തു വന്നിരിക്കുകയാണ് സംഘ് പരിവാർ. പരമത വിദ്വേഷ പ്രചാരണത്തിൻ്റെ വിഷലിപ്തമായ ആശയങ്ങളാണ് ഇതിലൂടെ വംശീയവാദികൾ മുന്നോട്ട് വെക്കുന്നത്.
‘റേഡി ജിഹാദ്’ (readi jihad) എന്ന് പേരിട്ടു വിളിക്കുന്ന ഈ വിദ്വേഷ പ്രചാരണം, മുസ്ലിം തെരുവ് കച്ചവടക്കാരെയാണ്, ‘തെരുവ് കച്ചവട ജിഹാദ്’ (Street vendor jihad) എന്ന ലേബലിൽ ഉന്നംവെക്കുന്നത്. ‘റേഡി’ എന്നാൽ നാല് ചക്രവും പിടിയുമുള്ള, പച്ചക്കറിയും മറ്റും വിൽക്കുന്ന ഉന്തുവണ്ടിയാണ്. ഈ വണ്ടിയിൽ തെരുവ് കച്ചവടം ചെയ്യുന്നവനാണ്, ‘റേഡി വാല’. പൊതുവിൽ, സാധാരണക്കാരായ, ദരിദ്ര മുസ്ലിംകൾ ഈ രംഗത്ത് ധാരാളം തൊഴിൽ ചെയ്യുന്നുണ്ട്. ഇത്തരം, മുസ്ലിംകളായ തെരുവ് കച്ചവടക്കാരെ ഒറ്റപ്പെടുത്താനും ബഹിഷ്കരിക്കാനുമാണ് ഈ വിദ്വേഷ പ്രചാരണത്തിലൂടെ സംഘ് പരിവാർ കോപ്പുകൂട്ടുന്നത്. നോയിഡ ആസ്ഥാനമായുള്ള വാർത്താ ചാനലായ സുദർശൻ ടി.വിയുടെ പിന്തുണയോടെയാണ് ബി.ജെ.പി പ്രവർത്തകർ ഈ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
പ്രശ്നം ഇതായിരുന്നു!
2021 ജൂൺ 18ന് ഡൽഹിയിലെ ഉത്തം നഗറിൽ, ‘ജയ് ശ്രീ റാം’ വിളിക്കാത്തതിന്റ പേരിൽ റിസ്വാൻ എന്ന കച്ചവടക്കാരനെ സംഘ് പരിവാർ ആക്രമിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ, 2021ജൂൺ 20ന് അവിടുത്തെ തിരക്കേറിയ റോഡ് സംഘ് പരിവാർ പ്രവർത്തകർ ഉപരോധിച്ചു. പ്രദേശത്ത മുസ്ലിം പഴകച്ചവടക്കാർ ഒഴിഞ്ഞു പോകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഈ ഉപരോധം. ഉപരോധക്കാർ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും, വടികളുമായി നഗരത്തിലിറങ്ങി അക്രമം അഴിച്ചു വിടുകയും ചെയ്തു. ‘മുസ്ലിംകൾ അയൽവാസികളെ ഇഷ്ടപ്പെടാത്തവർ ആണെന്നും, അവർക്ക് തങ്ങളുടെ സഹോദരങ്ങളെ സ്വാഗതം ചെയ്യാൻ അറിയില്ലെന്നും’ പറഞ്ഞായിരുന്നു ഇവർ രംഗത്തുവന്നത്. അതിനു ശേഷം അവിടെയുള്ള ഹനുമാൻ വിഗ്രഹത്തിൽ എല്ലാവരും ചേർന്ന് പൂജകളർപ്പിച്ചു, ഈ സമരത്തിന് മതമാനം ഉണ്ടാക്കാനും ശ്രമിച്ചു.
ദില്ലിയുടെ പടിഞ്ഞാറെ അറ്റത്തുള്ള ഇടതൂർന്ന ജനവാസ കേന്ദ്രമാണ് ഉത്തംനഗർ. കൂലിപ്പണിക്ക് പോയി ജീവിക്കുന്നവരാണ് അവിടുത്തെ താമസക്കാർ. ഉത്തംനഗറിലെ മിലാപ് നഗറിൽ, ടൈൽസ് മാർക്കറ്റിനും ദ്വാരക പാസിനും ഇടയിലുള്ള റോട്ടിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. പഴം വിൽപ്പനക്കാരും റിക്ഷകാരും തിങ്ങിനിറഞ്ഞതിനാൽ വാഹനങ്ങൾ റോഡുകളിൽ പാർക്ക് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. അവിടുത്തെ കച്ചവടക്കാരിൽ കൂടുതൽ പേരും മുസ്ലിം സഹോദരങ്ങളാണ്.
കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ബി.ജെ.പിയുടെ ഇടപെടലുകളൊന്നും ഇതുവരെ കാര്യമായി ഉണ്ടായിരുന്നില്ല. എന്നാൽ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഭാഗത്തു നിന്ന് മതിയായ ഇടപെടലുകൾ ഇല്ലാത്തതിനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ, ദൈനിക് ജാർഗൺ എന്നീ പത്രങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷം ജൂൺ 20ന് സംഘ് പരിവാർ ബന്ധമുള്ള ആക്റ്റിവിസ്റ്റുകൾ, മുസ്ലീം പഴകച്ചവടക്കാരെ പ്രദേശത്ത് നിന്ന് ബലമായി പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. മുസ്ലിം പഴക്കച്ചവടക്കാരുമായുള്ള എല്ലാ കച്ചവട ഇടപാടുകളും നിർത്തലാകണമെന്ന് ഒരു സമുദായത്തെ ആഹ്വാനം ചെയ്യുകയും ചെയ്തു.
മാത്രമല്ല, ‘സുദർശന’ ന്യൂസ് ചാനൽ മുസ്ലിംകൾക്കതിരെ ചില പരാമർശങ്ങൾ നടത്തിയിരുന്നു. ചാനലിലെ റിപ്പോർട്ടർ സാഗർ കുമാർ, ശുഭം തൃപ്തി എന്നിവർ മുസ്ലിമിനെ “ജിഹാദികൾ” എന്ന് വിളിക്കുകയും, അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തു. “മുസ്ലിം കച്ചവടക്കാരിൽ ഭൂരിഭാഗവും മുൻകാലങ്ങളിൽ അക്രമം നടത്തിയ റോഹിംഗ്യക്കാരാണ് “എന്നാണ് മറ്റൊരു റിപ്പോർട്ടർ അഭയ് പ്രതാപ് പറഞ്ഞത്.
ജൂൺ 20 ന് വൈകുന്നേരം തിരിച്ചറിയാൻ കഴിയാത്ത ഒരാൾ ലൈവിൽ വന്ന് ഒരു വീഡിയോ ചെയ്തു. ‘നഗരത്തിലെ തെരുവ് കച്ചവടക്കാർ എല്ലാം മുസ്ലിംകളാണെന്നും അവർ ഉപഭോക്താക്കളെ വഞ്ചിക്കുകയാണന്നും അവർ “ചലിക്കുന്ന കാൻസർ” ആണന്നുമൊക്കെ ആ വീഡിയോയിൽ പറഞ്ഞിരുന്നുവെന്നാണ് ഉത്തംനഗറിലെ നിവാസികൾ പറയുന്നത്. നാജ്ഫഗർ ജില്ലയിലെ ബി. ജെ. പി വൈസ് പ്രസിഡന്റ് പുൽകിത് ശർമ, ഉത്തംനഗർ പ്രോടെസ്റ്റിനെകുറിച്ച് പറയുന്നത് ഇങ്ങനെയാണ്; “ഉപഭോക്താക്കൾ മുസ്ലിം കച്ചവടക്കാരുടെ പേരിൽ പരാതി പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് കുറച്ച് ദിവസം ഞങ്ങൾ കാത്തിരിക്കും. എന്നിട്ടും അവർ ഒഴിഞ്ഞുപോയില്ലെങ്കിൽ ഞങ്ങൾ ഇടപെടും’ എന്നാണ്.
‘പ്രതിഷേധത്തിൽ സാമുദായികമായി ഒന്നുമില്ല’ എന്ന്, വീഡിയോ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത ശേഷം അദ്ദേഹം പറയുന്നുണ്ടെങ്കിലും, പ്രകോപനപരവും സാമുദായികവുമായ മുദ്രാവാക്യങ്ങളോടെയാണ് ആ വീഡിയോകൾ ഷെയർ ചെയ്യപ്പെട്ടത്. മുസ്ലികളെ അവിടന്ന് ഒഴിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു സംഘ്പരിവാർ സംഘടനകളുടെ അക്രമങ്ങളെല്ലാം.
‘ജൂൺ 18 രാത്രി ഒൻപത് മണിക്ക് ഞാൻ കടയടച്ച് പോകാൻ നോക്കുമ്പോഴാണ് പത്ത് പണ്ട്രണ്ട് പേർ ചേർന്ന് എന്നെ ആക്രമിച്ചത്. അവർ എന്നോട് ജയ് ശ്രീ റാം വിളിക്കാൻ പറഞ്ഞു. അത് പറയില്ലെന്നു കണ്ടപ്പോൾ ക്രൂരമായി മർദിക്കുകയായിരുന്നു. അവർ ആരാണെന്നു എനിക്ക് അറിയില്ല. പക്ഷെ പോലീസ് ഒരു FIR പോലും രജിസ്റ്റർ ചെയ്തില്ല’ എന്നാണ് റിസ്വാൻ the wireനോട് പറഞ്ഞത്. റിസ്വാനെതിരെ നടന്ന ഈ അക്രമത്തെ കുറിച്ച് പഴകച്ചവടക്കാരുടെ നേതാവായ അജയ് സിംഗ് the wireനോട് പറഞ്ഞത് ഇങ്ങനെയാണ്; “ചെറിയൊരു അടിപിടിയിലൂടെയാണ് ഈ പ്രശനം തുടങ്ങിയത്. അതിൽ ഇരയായത് റിസ്വാൻ എന്ന പഴകച്ചവടക്കാരനായിരുന്നു. അവനെ കുറച്ച് പേർ ചേർന്ന് ആക്രമിക്കുകയും, അതിഗുരുതരമായ പരിക്ക് പറ്റി അവനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമാണ് ചെയ്തത്”.
ആക്രമണം നടത്തിയത് രാഷ്ട്രീയ വിരുദ്ധരുടെ നേതൃത്വത്തിലാണ് എന്നത് വ്യക്തമാണ്. അതിനതിരെ കച്ചവടക്കാർ പരാതിയും നൽകിയിരുന്നു. പക്ഷേ, ആക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം തെരുവ് കച്ചവടക്കാരെയാണ് പോലീസ് ഉപദ്രവിച്ചത്. പശ്ചിമ ദൽഹിയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിന് ശേഷം സുരേഷ് ചവങ്കെ സുദർശൻ ടിവിയിൽ ഒരു കൂട്ടം സംഘ് പരിവാർ പ്രവർത്തകരുടെ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. യമുനാനഗറിലെ ഒരു മുസ്ലീം തെരുവ് കച്ചവടക്കാരൻ തന്റെ ബർഗർ വിൽക്കാൻ ഉപയോഗിക്കുന്ന വണ്ടിയിൽ, ‘ഗുപ്ത’ എന്ന വാക്ക് ചിലർ എഴുതുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ‘മുസ്ലികളുടെ പൊതു അടയാളങ്ങൾ മാറ്റാൻ ഉള്ള സമയമായി, എല്ലാവരും ഉണർന്ന് പ്രവൃത്തിക്കൂ’ എന്നും ആ വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ടായിരുന്നു.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയാണോ?
ഉത്തംനഗറിലെ പ്രാദേശിക കടയുടമകളെ വർഗീയവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ, 2020 മാർച്ച് മുതലേ നടന്നുവന്ന സംഘ് പരിവാർ പ്രചാരണ ക്യാമ്പയിനിന്റ ഭാഗമായിരുന്നു. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ദില്ലിയിൽ മുസ്ലിം വിരുദ്ധ അക്രമം നടന്നതിന് തൊട്ടുപിന്നാലെ സുദർശൻ ന്യൂസ് ചാനലിന്റ എഡിറ്റർ സുരേഷ് ചവങ്കെ , 2020 മാർച്ച് 4 ന് ഇന്ത്യാ ഗേറ്റിൽ ഒരു പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വനം ചെയ്യുകയുണ്ടായി. ഈ പ്രതിഷേധത്തിന് മുന്നോടിയായി, ‘കലാപകാരികളെ ബഹിഷ്കരിക്കണം’ എന്നാവശ്യപ്പെട്ട് ചാനലിൽ ഒരാഴ്ച നീണ്ട സംവാദങ്ങൾ നടന്നിരുന്നു. ഈ ‘കലാപകാരികൾ’ ആരാണെന്ന് ചവങ്കെ അന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും അദ്ദേഹം മുസ്ലിംകളെയാണ് ഉദ്ദേശിക്കുന്നതന്ന് തന്റെ ചാനലിലെ ഗ്രാഫിക്സിലൂടെയും വിവരണത്തിലൂടെയും ശക്തമായ സൂചനകൾ നൽകിയിരുന്നു.
ജൂൺ പതിനേഴാം തിയ്യതി, സത്യ സനാതൻ’ എന്ന സംഘപരിവാർ യൂറ്റ്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഹലാൽ സമ്പദ്വ്യവസ്ഥയുടെ ബദലുകൾ ചർച്ച ചെയ്യുമ്പോൾ, ബി. ജെ. പി നേതാവ് കപിൽ മിഷ്റ പറഞ്ഞത് ഇങ്ങനെയാണ്; “ഹിന്ദു ചുറ്റുപാടിൽ ഭക്ഷണം വിളമ്പുന്നത് അതിൽ തുപ്പുകയില്ല എന്ന് ഉറപ്പ് വരുത്തിക്കൊണ്ടാണ്”. പക്ഷെ, മുസ്ലിംകൾ അങ്ങനെയല്ല. അവരുടെ പാചകക്കാരും കച്ചവടക്കാരും രോഗം പടർത്തുന്ന വിധത്തിലാണ് ഭക്ഷണം ഉണ്ടാക്കുന്നതും വിൽക്കുന്നതും.” മുസ്ലിംകൾ ഭക്ഷണത്തിൽ തുപ്പാറുണ്ടെന്ന് ആരോപിച്ചു കൊണ്ട്, ‘തുപ്പൽ ജിഹാദ്’ വാദവും മുന്നോട്ട് വെക്കുന്നു.
കുറച്ച് മാസങ്ങൾക്കു മുമ്പ് സംഘ് പരിവാർ നേതാവ് ജിതേന്ദ്ര സരസ്വ, “നിങ്ങളുടെ അമ്പ് നിങ്ങൾ സൂക്ഷിക്കണമെന്നും, പ്രേതങ്ങളിൽ നിന്നും പിശാചുക്കളിൽ നിന്നും സ്വന്തത്തെ പ്രതിരോധിക്കണമെന്നും’ ഒരു സമുദായത്തോട് പറഞ്ഞത് വൈറൽ ആയിരുന്നു. മുസ്ലികളെ മാത്രം ഉന്നം വെച്ചുകൊണ്ടുള്ള പരാർശമായിരുന്നു ഇത്. ഇതെല്ലാം കാണുമ്പോൾ വ്യക്തമാവുന്നത്, മുസ്ലിം കച്ചവടക്കാരെ ഇല്ലാതാക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത് എന്നാണ്.
ജൂൺ 20 നടന്ന റേഡി ജിഹാദ് പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടതും ജിതേന്ദ്ര സരസ്വയായിരുന്നു. അദ്ദേഹം ഹിന്ദുക്കളോട് ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു. യുട്യൂബിൽ നിരവധി പ്രാവശ്യമാണ് ഈ പ്രതിഷേധം തത്സമയം വന്നത്ത്. സംഘ് പരിവാർ ഗ്രൂപ്പുകളുടെ ‘റേഡി ജിഹാദ്’ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം മുസ്ലിംകളെ സാമ്പത്തികമായി തളർത്തുകയും, അവരെ വ്യാപാര രംഗത്തു നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും പുറത്താക്കുകയും ചെയ്യുക എന്നതാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയാണ് അവർ ഹിന്ദു ഉപജീവനവും തൊഴിലവസരങ്ങളും പിടിച്ചടക്കാൻ ഇന്ത്യയിലെ മുസ്ലിംകൾ ഗൂഢാലോചന നടത്തുന്നുവെന്നും തീവ്ര വലതുപക്ഷം പ്രചരിപ്പിച്ചത്.
ഇത് പരിമിത വൃത്തങ്ങളിൽ ഒതുങ്ങുന്നതല്ല. 2020 ൽ തബ്ലീഗ് ജമാഅത്തിനെതിരായ മാധ്യമ വിചാരണയ്ക്ക് ശേഷം, ബിജെപി എംഎൽഎമാരും വലതുപക്ഷ നേതാക്കളും മുസ്ലിം കച്ചവടക്കാരെ അവരുടെ സമീപപ്രദേശങ്ങളിൽ പ്രവേശിക്കുന്നത് തടയുകയും, ഗ്രാമങ്ങൾക്ക് പുറത്ത് ബോർഡുകൾ സ്ഥാപിക്കുകയും, പ്രവേശനം നിരോധിക്കുകയും, ഹിന്ദു കച്ചവടക്കാരുടെ വണ്ടികൾക്ക് മാത്രം പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതിയിലെ അഡ്വക്കേറ്റ് അനസ് തൻവീർ ഉത്തംനഗറിൽ നടന്ന ഹിന്ദുത്വ പ്രവർത്തകരുടെ പ്രതിഷേധത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
“ലാത്തികളോ മറ്റേതെങ്കിലും ആയുധങ്ങളോ ഉപയോഗിച്ച് പ്രതിഷേധിക്കുകയും, ഒരു സമുദായത്തെ ബഹിഷ്കരിക്കണമെന്ന് പരസ്യമായി വാദിക്കുകയും ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. ഇത് ഇന്ത്യൻ പീനൽ കോഡിലെ നിരവധി വകുപ്പുകളുടെ ലംഘനമാണ്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ ഇത് ശത്രുത വളർത്തും. പക്ഷെ, പോലീസിൽ നിന്ന് ഒരു നടപടിയും ഇതിനതിരെ ഉണ്ടായിട്ടില്ല എന്നത് എന്നെ അത്ഭുതപെടുത്തുന്നു “.
കഴിഞ്ഞ വർഷം തബ്ലീഗി ജമാഅത്തിന്റെ മാധ്യമ വിചാരണയ്ക്ക് ശേഷം മുസ്ലീങ്ങളെ ബഹിഷ്കരിക്കാനുള്ള നിരന്തരമായ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ, അഭിഭാഷകൻ മുഹമ്മദ് അഫീഫ് ദി വയറിൽ ‘ഭരണഘടനാ വിരുദ്ധത’യെക്കുറിച്ചും ഈ ബഹിഷ്കരണ ആഹ്വാനങ്ങളുടെ ക്രിമിനൽ സ്വഭാവത്തെക്കുറിച്ചും എഴുതിയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ പ്രചാരണങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ്.
