സുൽഫത്ത് ലൈല
2018 ൽ കെപിഎസി ലളിത മലയാളം സിനിമയിലെ വിസ്മയ താരമായിരുന്ന അടൂർ ഭാസിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം തുറന്നടിച്ചു പറഞ്ഞപ്പോൾ അതിന് മറുപടിയായി ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ ഉൾപ്പെടുന്ന വലിയൊരു വിഭാഗം ” ഭാസിയേട്ടൻ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല ” എന്നാണ് പറഞ്ഞത്.
അതിന് ശേഷവും സിനിമാമേഖലയിൽ തുറന്നുപറച്ചിലുകൾ ഉണ്ടായിക്കൊണ്ടേയിരുന്നു. പൊതു സമൂഹത്തിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഇല്ലാതായത് തുറന്ന് പറയുന്ന സ്ത്രീകളുടെ, അവരുടെ കൂടെ നിൽക്കുന്ന, അവർക്ക് വേണ്ടി സംസാരിക്കാൻ തയ്യാറായ സ്ത്രീകളുടെ സിനിമാ ജീവിതമാണ്. ഞങ്ങൾ കെട്ടിപ്പൊക്കിയ ആണഹന്തയുടെ കൊട്ടാരം പൊളിക്കാൻ ഉതകുന്നതല്ല നിങ്ങളുടെ ഒരു പ്രതിഷേധവുമെന്ന് വിളിച്ച്പറഞ്ഞുകൊണ്ട് ഈ ആണുങ്ങൾ ഇപ്പോഴും സിനിമാലോകം ഭരിക്കുന്നു.
പൊതുവിൽ, ഒരു സ്ത്രീ തന്നെ അക്രമിച്ച, മോശമായി പെരുമാറിയ ഒരാൾക്കെതിരെ തുറന്ന് സംസാരിക്കുമ്പോൾ, പ്രതികരിക്കാൻ ശ്രമിക്കുമ്പോൾ കിട്ടുന്ന പ്രതികരണങ്ങൾ “ഇത്രകാലം നിങ്ങളെന്ത് കൊണ്ടിത് പറഞ്ഞില്ല”, “അയാൾ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല”,”തെളിവ് കാണിക്കൂ എന്നാൽ ഞങ്ങൾ വിശ്വസിക്കാം” , ” നിങ്ങൾ ഇങ്ങനെ ജീവിക്കുന്നത് കൊണ്ടാണ് ഈ അനുഭവം ” മുതലായവയാണ്. ഇവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്ന വിഷയമാണിത്. പ്രമുഖ നടനെതിരെ മീറ്റൂ ഉന്നയിച്ച പുതുമുഖ നടിമാർ വർഷങ്ങളോളം ഭീഷണികൾ കേട്ട്, സ്വന്തം നാട്ടിൽ നിൽക്കാൻ കഴിയാതെ നാടുവിട്ടുപോയ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. സിനിമ ചെയ്യാൻ കഴിയാതെ, ഓരോ അവസരങ്ങളും മനപ്പൂർവം ശക്തരായ ആളുകൾ ഇല്ലാതാക്കുന്നത് മനസിലാക്കി സിനിമാ മേഖലയിൽ നിന്നും ഇറങ്ങിപോയവർ. അവരുടെ അനുഭവങ്ങൾ ഞങ്ങളെ ബാധിക്കാത്തതുകൊണ്ട് തന്നെ ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിക്കില്ലെന്നതാണ് മലയാള സിനിമയിലെ ഓരോ ആണിന്റെയും നിലപാട്. ഒരാൾക്കുണ്ടായ ദുരനുഭവം വരൂ നമുക്കത് സംസാരിച്ച് തീർക്കാം എന്ന് പറയുന്നത് തന്നെ ആ വ്യക്തിയുടെ ജീവിതത്തെയും അനുഭവത്തെയും അപമാനിക്കുകയാണെന്നത് മനസിലാക്കാൻ കഴിയുന്ന വിധം എപ്പോഴാണ് ഇവിടത്തെ ആൺസമൂഹം വളരുക. ഒരു വിഭാഗം സ്ത്രീകൾ ഇവിടെ കൺസെന്റ്നെ കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ഇവരെ പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇത്തരം തിരിച്ചറിവുകളോ മനസ്സിലാക്കലുകളോ ഇല്ലാതെ സുഖകരമായി ജീവിതം നയിക്കാൻ ആവശ്യമായ എല്ലാ അധികാരവും സമ്പത്തും സ്ഥിരതയും ഉള്ള സിനിമ മേഖലയിലെ ആണുങ്ങൾ ഓരോ സ്ത്രീയുടെയും പ്രതിഷേധങ്ങളെ, കൂട്ടായ്മകളെ, അവരുടെ ശബ്ദത്തെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ” ഞങ്ങളുടെ സംഘടനയുടെ പേര് അച്ഛൻ എന്നല്ല ‘അമ്മ’ എന്നാണ്, അന്ന് മുതലേ ഞങ്ങൾ സ്ത്രീകൾക്കൊപ്പമാണെന്ന്” മീറ്റൂ വിഷയങ്ങളിൽ നടന്ന ചർച്ചയിൽ അമ്മയെ പ്രതിനിധീകരിച്ച് മണിയൻ പിള്ള രാജു എന്ന നടൻ സംസാരിക്കുമ്പോൾ ഒരേസമയം സ്ത്രീകൾക്കൊപ്പമാണെന്ന് പറയുകയും അവർക്കൊപ്പം നിലകൊള്ളുന്നു എന്നുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്ത് അമ്മയിൽ നിന്നു പിരിഞ്ഞുപോകുന്ന സ്ത്രീകളെ കുറിച്ചും അവരുടെ പ്രതിഷേധത്തെ കുറിച്ചും മിണ്ടാതിരിക്കുകയും ചെയ്യുന്നു.
സ്ത്രീകൾക്കൊപ്പമാണെന്ന് പൊതുജനങ്ങളോട് വിളിച്ചുപറയാൻ മടിയില്ലാത്ത ‘അമ്മ’ ചെയ്യുന്നത് സംഘടനയ്ക്കുള്ളിലെ സ്ത്രീകളെ കൂടെ നിൽക്കലെന്ന വ്യാജേന അധികാരപ്പെടുത്തി വെക്കലും അത് സഹിക്കാൻ കഴിയാതെ പുറത്തുപോയവരെ കുറിച്ച് പൊതുമധ്യത്തിൽ സംസാരിക്കാതിരിക്കലുമാണ്. മുഖംമൂടികൾ അണിഞ്ഞ ആണുങ്ങളിലാണ് സിനിമ മേഖല ഭരിക്കുന്നത്.
മറ്റൊരു വിഭാഗം ആണുങ്ങളെ, അവരുടെ പ്രതികരണങ്ങളെ കുറിച്ച് പറയാം. തന്റെ സഹപ്രവർത്തകയായ സ്ത്രീയ്ക്കുണ്ടായ ദുരനുഭവത്തിൽ എന്താണ് നിലപാടെന്ന് ചോദിച്ചാൽ പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ലാത്ത എന്നെ ബാധിക്കുന്ന വിഷയമേയല്ലെന്ന് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നവർ. നിങ്ങൾ മിണ്ടാതിരിക്കുന്നത് ആക്രമിച്ച ആൾക്കൊപ്പം നിൽക്കുന്നതിന് തുല്യം തന്നെയാണ്.

2020 ൽ പ്രശസ്ത നടൻ സിദ്ധിഖ് ഉൾപ്പെടുന്ന 14 പേർക്കെതിരെ metoo ഉന്നയിച്ച രേവതി സമ്പത്ത് എന്ന നടിയെ എല്ലാവർക്കും “പ്രശ്നക്കാരി” ആയാണ് അറിയാവുന്നത്. സ്ത്രീകൾക്ക് ശബ്ദമുയർത്തി മലയാള സിനിമ മേഖലയിൽ നിലനിൽക്കാൻ കഴിയില്ലെന്നതിന് തെളിവാണ് രേവതിയുടെ അനുഭവം. തന്റെ അനുഭവങ്ങൾ പറഞ്ഞുതുടങ്ങിയ അന്ന് മുതൽ നേരിടുന്ന ഭീഷണികൾ, നഷ്ടപ്പെട്ട അവസരങ്ങൾ, ഒഴിവാക്കപ്പെട്ട ഇടങ്ങൾ ചെറുതല്ല. കൂടെ നിൽക്കുമെന്ന് കരുതിയ പലരും മിണ്ടാതിരിക്കാനാണ് പറഞ്ഞതെന്ന് രേവതി പറഞ്ഞിരുന്നു. വാക്കുകൾ കൊണ്ട് തനിക്ക് കിട്ടിയ പിന്തുണയും ഐക്യദാർഢ്യവും തന്റെ ജീവിതത്തെ ഒരു തരത്തിലും സഹായിച്ചില്ല, സാമ്പത്തിക ഭദ്രതയുടെയും ജാതി പ്രിവിലേജിന്റെയും കളിയാണ് സിനിമയിൽ നടക്കുന്നതെന്ന് രേവതി തുറന്നടിച്ച് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയബോധമുള്ള, തന്റെ അവകാശങ്ങളെ കുറിച്ച് ധാരണയുള്ള ഒരു സ്ത്രീയെന്ന നിലയിൽ ആദ്യം ഭീഷണിപ്പെടുത്തിയും പിന്നെ ഒറ്റപ്പെടുത്തിയും ഒപ്പം അവസരങ്ങൾ നഷ്ടപ്പെടുത്തിയുമാണ് മലയാളം സിനിമ മേഖല രേവതിയെ പുറത്താക്കിയത്. പ്രത്യക്ഷത്തിൽ പുറത്താക്കുകയല്ല. നിലനിൽക്കാൻ കഴിയാത്ത വിധം ശ്വാസം മുട്ടച്ച് ആട്ടിയോടിക്കലാണ്. മീറ്റൂ ഉന്നയിച്ച ശേഷം പങ്കെടുത്ത എല്ലാ ഒഡിഷനുകളിലും രേവതിയെ “പ്രശ്നക്കാരി ” എന്ന ലേബൽ ചാർത്തി മാറ്റിനിർത്തി. അമ്മയും അച്ഛനുമല്ലാതെ കൂടെ നില്ക്കാൻ മറ്റാരുമില്ലെന്ന തിരിച്ചറിവിൽ രേവതി സിനിമയിൽ ഇപ്പോഴും വളരാൻ ശ്രമിക്കുന്നു. തന്നെ ദ്രോഹിക്കാൻ , ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ആണധികാരത്തിന്റെ, ജാതി പ്രിവിലേജിന്റെ , മാറ്റിനിർത്തലുകളുടെ ലോകത്ത് തനിക്കെത്ര പരിശ്രമിച്ചാലാണ് മുന്നോട്ട് പോകാൻ കഴിയുകയെന്ന് രേവതിക്ക് ധാരണയുണ്ട്. തന്റെ ശബ്ദം ബഹുമാനിക്കുന്ന സമൂഹത്തിന് വേണ്ടി അവർ കാത്തിരിക്കുന്നു.
ഇന്നത്തെ മലയാള സിനിമ മേഖലയിൽ ഉണ്ടാവുന്ന അക്രമങ്ങളുടെ കണക്ക് പഴയതിൽ നിന്ന് വ്യത്യസ്തമല്ല. പ്രതിഷേധങ്ങളും, സംഘടിക്കുന്ന സ്ത്രീകളും കൂടുതലാണെന്ന് വേണം മനസിലാക്കാൻ. ഇന്ന് വിജയ് ബാബു ഉൾപ്പെടെയുള്ള ആണുങ്ങളുടെ അക്രമരീതി മാറിയിരുന്നു. സ്വയം പുരോഗമനവാദി പരിവേഷം അണിഞ്ഞും രാഷ്ട്രീയം സംസാരിച്ചും ബലം പ്രയോഗിച്ചും ഇവിടെ പല രീതിയിൽ അക്രമങ്ങൾ നടക്കുന്നു. കാലം മാറുന്നതിനൊപ്പം അക്രമരീതിയുടെ കോലവും മാറുന്നു. അതിജീവിതയുടെ പേര് ഫേസ്ബുക് ലൈവിലൂടെ ഉറക്കെ വിളിച്ച് പറഞ്ഞ് ഞാൻ അവരെ നാണം കെടുത്തുമെന്ന് വെറുപ്പോടെ വൈരാഗ്യബുദ്ധിയോടെ വിളിച്ചുപറയുന്ന വിജയ് ബാബുമാരുണ്ട് ഇപ്പോഴും ഇവിടെ. സഹപ്രവർത്തകയെ അപകീർത്തിപ്പെടുത്താൻ വേണ്ടി പണം കൊടുത്ത് ലൈംഗീകാതിക്രമം ചെയ്യിപ്പിക്കുന്ന, അത് കൂട്ടം കൂടിയിരുന്ന് സുഹൃത്തുക്കളുമായി കണ്ടാസ്വദിക്കുന്ന, സഹപ്രവർത്തകയ്ക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് അഭിപ്രായം ചോദിക്കുമ്പോൾ അഭിപ്രായം പറയാൻ ഇതെന്താ പലഹാരം ആണോയെന്ന് തഗ് അടിക്കുന്ന ആണുങ്ങളുടേത് തന്നെയാണ് മലയാള സിനിമ മേഖല. രാഷ്ട്രീയബോധം എന്നത് തട്ടിലിരുന്ന് ഭരിക്കുന്നവർക്ക് അനിവാര്യമായതാണെന്നും, അങ്ങനെ ബോധമുള്ളവർ ഭരണത്തിൽ വരുന്ന കാലമേ അക്രമത്തിൽ നിന്നും വിമോചനം ഉണ്ടാകുവെന്നും മനസിലാക്കി സിനിമ മേഖലയിൽ സംഘടിക്കുന്ന ഒരൊ സ്ത്രീയിലും എനിക്ക് പ്രതീക്ഷയുണ്ട്. നിങ്ങൾ ഉയർത്തുന്ന ഓരോ ശബ്ദവും ഇവിടെ മുഴങ്ങി കേൾക്കട്ടെ.
എഴുത്തുകാരിയും ക്വീർ ആക്റ്റീവിസ്റ്റുമാണ് ലേഖിക.
