യുക്തിസഹമായി പറഞ്ഞാൽ, നൂറ്റാണ്ടുകളായി സാമൂഹിക അടിച്ചമർത്തലുകളും ക്രൂരമായ വിവേചനങ്ങളും അനുഭവിച്ചവരാണ് ഇന്ത്യയിലെ തൊട്ടുകൂടാത്തവരും ചില പട്ടികജാതിക്കാരും. ഇന്നും ദലിതർക്കെതിരായ അതിക്രമങ്ങൾ മാധ്യമങ്ങൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്നു. രോഹിത് വെമുല, പായൽ തദ്വി തുടങ്ങിയ വിദ്യാസമ്പന്നരായ ദലിതരെ ആത്മഹത്യയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ ചരിത്രപരമായ തെറ്റുകൾക്ക് അടിയന്തിര തിരുത്തൽ ആവശ്യമാണെങ്കിൽ, അത് ദലിതർക്ക് ഉണ്ടായ ദുരന്തപൂർണമായ അനുഭവങ്ങൾക്കാണ്. അതുമായി ബന്ധപ്പെട്ട് വളരെ കുറച്ച് നടപടികൾ മാത്രമേ ഉണ്ടാകുന്നുള്ളൂ. മാത്രമല്ല, ഭരണഘടന പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികളും മനപ്പൂർവ്വം ഒഴിവാക്കുന്നതായാണ് നമുക്ക് അനുഭവപ്പെടുന്നത്.
‘പ്രതികാരം ഒരുതരം കാട്ടുനീതിയാണ്’ അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പാണ് ഫ്രാൻസിസ് ബേക്കൺ ഇപ്രകാരം എഴുതിയത്. നിങ്ങളുടെ കുടിപ്പകയെ ആയിരം വർഷങ്ങൾ പിന്നിലേക്ക് വലിച്ചാൽ തീർച്ചയായും അത് വന്യമായിരിക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ്റെ നിഷ്കളങ്കമായ ഒരു പരാമർശത്തെക്കുറിച്ച്, ഒരു കൊളോക്കിയത്തിൽ നമ്മുടെ വിദേശകാര്യ മന്ത്രി നടത്തിയ പ്രതികരണത്തെ പറ്റി എത്തിച്ചേരാവുന്ന നിഗമനം ഇതാണ്.
ഔപചാരികമായി ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് വിദേശകാര്യ വകുപ്പിലെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്ന, പിന്നീട് അതേ വകുപ്പിൽ മന്ത്രിയായി മാറിയ എസ്. ജയശങ്കർ, ഇന്ന് പടിഞ്ഞാറൻ രാജ്യങ്ങളിൽ സർവസാധാരണമായ ഒരു വാദമാണ് ഉപയോഗിച്ചിട്ടുള്ളത്. ബോറിസ് ജോൺസനു മുമ്പ്, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച തെരേസ മെയ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. ഓസ്ട്രേലിയൻ പാർലമെന്റ് അടുത്തിടെ ആദിവാസി സംസ്കാരത്തോട് നിസ്സീമമായ ആദരവ് പ്രകടിപ്പിക്കുകയുമുണ്ടായി. ഇതിനൊന്നും അവർ വലിയ വില കൊടുക്കേണ്ടി വന്നിട്ടില്ല.
എന്നാൽ, തദ്ദേശീയരായ അമേരിക്കക്കാരോട് (native americans) ‘ഔദ്യോഗിക അമേരിക്കക്കുള്ള’ (official america) മനോഭാവം മാറിയതിനെത്തുടർന്ന്, അമേരിക്കയിലെ വിവിധ തദ്ദേശീയ ഗോത്രങ്ങൾ ഫെഡറൽ, സംസ്ഥാന സർക്കാരുകൾക്കെതിരെ നഷ്ടപരിഹാരത്തിനും, തങ്ങൾക്കെതിരെ നടത്തിയ അക്രമങ്ങൾക്ക് പകരമായി ചില പ്രദേശങ്ങൾ പുനസ്ഥാപിക്കുന്നതിനും കേസ് നൽകി വിജയിക്കുകയുണ്ടായി. മുൻകാലങ്ങളിൽ അവരുടെ മേൽ പലതും അടിച്ചേൽപ്പിക്കപ്പെട്ടിരുന്നു. കുടുംബങ്ങളിൽ നിന്ന് തട്ടിയെടുക്കപ്പെട്ട തദ്ദേശീയരായ കുട്ടികളുടെ കൂട്ടക്കുഴിമാടങ്ങൾ ഇപ്പോൾ വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുന്നതും കാണാനായി. ഒരു കാലത്ത് അടിമകളായി ജീവിച്ചവരുടെ പിൻഗാമികളോട് ആ അടിമത്തത്തിന് ക്ഷമാപണം നടത്തേണ്ടതുമുണ്ട്. മനുഷ്യാവകാശങ്ങൾക്ക് എതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബ്ലിങ്കന്റെ സൂചനക്ക് മറുപടിയായി, “ചരിത്രപരമായ തെറ്റുകൾ തിരുത്തും” എന്ന് മന്ത്രി പ്രതിജ്ഞാ സ്വഭാവത്തിൽ പറയുകയുണ്ടായി.
ഏതു തരത്തിലുള്ള തെറ്റുകളാണ് ഇവിടെ അദ്ദേഹം ഉദ്ദേശിക്കുന്നത്? യഥാർത്ഥ കളകൾ നിർമ്മൂലനം ചെയ്യലല്ല ഇവരുടെ ലക്ഷ്യം. മറിച്ച്, മുസ്ലിം ഭരണാധികാരികൾക്കെതിരായ തീവ്ര ഹിന്ദുത്വ വലതുപക്ഷത്തിൻ്റെ ആരോപണ ബഹളങ്ങളാണ് ഉദ്ദേശ്യമെന്ന് തോന്നുന്നു. ക്ഷേത്രങ്ങൾ തകർത്തു, മാംസത്തിനായി വിശുദ്ധ ഗോക്കളെ കശാപ്പ് ചെയ്തു, ഹിന്ദു രാജ്യങ്ങൾ അക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തു, ആളുകളെ നിർബന്ധിച്ച് ഇസ് ലാമിലേക്ക് മതം മാറ്റി, ഹിന്ദു സ്ത്രീകളെ ബലാൽസംഗം ചെയ്തു, ഹിന്ദുക്കളുടെ മേൽ ജിസ് യ ചുമത്തി തുടങ്ങിയ തീവ്രവലതുപക്ഷം ആരോപിക്കുന്ന കാര്യങ്ങളാണോ, ഈ ‘തെറ്റുകൾ’?
നോർമൻ ആക്രമണകാരികളോ, അവരുടെ പിൻഗാമികളോ, ആംഗ്ലോ-സാക്സണുകളിൽ അവർ നടത്തിയ ആക്രമണങ്ങൾക്കും വരുത്തിവെച്ച മുറിവുകൾക്കും ഇപ്പോൾ നഷ്ടപരിഹാരം നൽകണമെന്ന് പറയുന്നത് പോലെയാണിത്. അല്ലെങ്കിൽ, ഇന്ന് തുർക്കിയിലുള്ള ഗ്രീക്ക് വംശജർക്ക്, അവരുടെ മുൻഗാമികൾ ഇസ് ലാമിലേക്ക് പരിവർത്തനം ചെയ്യപെട്ടതിന് നഷ്ടപരിഹരം നൽകണം എന്ന് പറയുന്ന പോലെ.
ഇന്ത്യൻ മുസ്‌ലിംകൾ ഇതിലൊന്നും ഉൾപ്പെടുന്നില്ലെങ്കിലും അവർ ലോകത്തിലെ മറ്റു മുസ്‌ലിം രാജ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി, ഭാഷയിലും സംസ്കാരത്തിലും പെരുമാറ്റത്തിലും ഹിന്ദുക്കളുമായി കൂടുതൽ അടുപ്പം പുലർത്തുന്നു. അതിനാൽ ‘ചരിത്രപരമായ തെറ്റുകൾ’ തിരുത്താനോ ഇന്ത്യൻ മുസ്‌ലിംകളുടെമേൽ നഷ്ടപരിഹാര ആവശ്യം അടിച്ചേൽപ്പിക്കാനോ ശ്രമിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.
ആയിരക്കണക്കിന് ഹിന്ദുക്ഷേത്രങ്ങളിൽ ചിലത് ഒരിക്കലും മങ്ങാത്ത മഹത്വമുള്ളവയാണ്. ‘ആയിരക്കണക്കിന് വർഷത്തെ ബന്ധന’ത്തിന് ശേഷവും തലയുയർത്തി നിൽക്കുന്നവ. ഹിന്ദുക്കൾ ഇന്ത്യയിലെ മുസ്‌ലിംകളെക്കാൾ വളരെ കൂടുതലാണ്. ഏറ്റവും പ്രധാനമായി, ഇന്ത്യൻ മുസ്‌ലിംകൾ പൊതുവെ ദാരിദ്ര്യത്തിന്റെയും വ്യത്യസ്തങ്ങളായ അധസ്ഥിതാവസ്ഥകളുടേയും പടികളിൽ ഏറ്റവും താഴേത്തട്ടിലാണ് ഇന്നുള്ളത്.
സർക്കാർ ജോലിക്കാരായ മുസ്ലിംകൾ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനത്തിൽ താഴെയായത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ടതുണ്ട്. അവരിൽ നിന്ന് ഏത് തരത്തിലുള്ള നഷ്ടപരിഹാരമാണ് വാങ്ങിയെടുക്കാനാവുക? നൂറ്റാണ്ടുകൾക്കുമുമ്പുള്ള അവരുടെ ‘കുറ്റകൃത്യങ്ങൾക്ക്’ എന്ത് തരത്തിലുള്ള പ്രായശ്ചിത്തമാണ് ചുമത്തുക? പൊതുവെ ചരിത്രപരമായ തെറ്റുകളിൽ നിന്ന് ‘നേട്ടങ്ങളുണ്ടാക്കിയ’ വംശങ്ങളിൽ നിന്നോ രാഷ്ട്രങ്ങളിൽ നിന്നോ നഷ്ടപരിഹാരവും മാനസാന്തരവും പ്രതീക്ഷിക്കാം. പക്ഷേ, ഇന്ത്യൻ മുസ്‌ലിംകൾ വലിയ നേട്ടങ്ങളൊന്നും കൈവരിച്ചതായി കാണുന്നില്ലല്ലോ.
യുക്തിസഹമായി പറഞ്ഞാൽ, നൂറ്റാണ്ടുകളായി സാമൂഹിക അടിച്ചമർത്തലുകളും ക്രൂരമായ വിവേചനങ്ങളും അനുഭവിച്ചവരാണ് ഇന്ത്യയിലെ തൊട്ടുകൂടാത്തവരും ചില പട്ടികജാതിക്കാരും. ഇന്നും ദലിതർക്കെതിരായ അതിക്രമങ്ങൾ മാധ്യമങ്ങൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്നു. രോഹിത് വെമുല, പായൽ തദ്വി തുടങ്ങിയ വിദ്യാസമ്പന്നരായ ദലിതരെ ആത്മഹത്യയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ ചരിത്രപരമായ തെറ്റുകൾക്ക് അടിയന്തിര തിരുത്തൽ ആവശ്യമാണെങ്കിൽ, അത് ദലിതർക്ക് ഉണ്ടായ ദുരന്തപൂർണമായ അനുഭവങ്ങൾക്കാണ്. അതുമായി ബന്ധപ്പെട്ട് വളരെ കുറച്ച് നടപടികൾ മാത്രമേ ഉണ്ടാകുന്നുള്ളൂ. മാത്രമല്ല, ഭരണഘടന പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികളും മനപ്പൂർവ്വം ഒഴിവാക്കുന്നതായാണ് നമുക്ക് അനുഭവപ്പെടുന്നത്.
ആരോപിക്കപ്പെടുന്ന ‘ഹിന്ദു മുറിവുകൾ’ ശമിപ്പിക്കാൻ ചരിത്രം പുനർനിർമ്മിക്കുക എന്നതാണ് ഇവരുടെ ഒരു പ്രധാന പദ്ധതി. ഇതിനകം തന്നെ മഹാനായ അക്ബറിനെ സംബന്ധിക്കുന്ന ചരിത്രങ്ങൾ ഇന്ത്യയിലെ പാഠ്യപദ്ധതികളിൽ നിന്ന് വെട്ടിക്കുറച്ചു. ഇത് ചരിത്രത്തിൽ വലിയ വിടവ് സൃഷ്ടിക്കുകയും പിൽക്കാല ചരിത്രം മനസ്സിലാക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. മുഗൾ ഭരണത്തിൽ, കരുത്തുറ്റ ഹിന്ദു രാജാക്കന്മാരായ രാജാ മാൻ സിംഗ്, രാജാ ജയ് സിംഗ്, രാജാ ജസ്വന്ത് സിംഗ് തുടങ്ങിയവർക്ക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കാൻ യാതൊരു പ്രയാസവുണ്ടായിരുന്നില്ല. റാണാ മറുവശത്ത്, റാണാ പ്രതാപിൻ്റെയും ശിവജിയുടേയും സൈന്യത്തിൽ പത്താൻ വംശജരായ മുസ്‌ലിം ജനറൽമാർ ഉണ്ടായിരുന്നു. അതിനാൽ, ചരിത്രം തിരുത്തിയെഴുതുന്നതിലൂടെ നീതി ലഭ്യമാകും എന്നത് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന കാര്യമാണ്.
ഇത്തരമൊരു പദ്ധതി അടിസ്ഥാനപരമായി ചെയ്യുന്നത്, രാഷ്ട്രത്തെ എന്നെന്നേക്കുമായി വിഭജിക്കുകയും കുറ്റകൃത്യങ്ങളെ നിസ്സാരവൽക്കരിച്ച് ഉദ്ദീപിക്കുകയുമാണ്. പ്രശ്നങ്ങൾ കെട്ടടങ്ങാതെ, എന്നെന്നും തിളച്ചു മറിയുകയും സമാധാനവും സന്തോഷവും കാലകാലം ഒരു മിഥ്യയായിത്തീരുകയും ചെയ്യും.
(ആൻഡ്രോയ്ഡ് മൊബൈലിൽ ഈ ലേഖനം ടൈപ്പ് ചെയ്യുമ്പോൾ ‘ഫോൺ ചോർത്തൽ സംശയിക്കുന്നവരുടെ’ ഡിജിറ്റൽ റെക്കോർഡിംഗ് സൂചിപ്പിക്കുന്ന ഹമ്മിംഗ് ശബ്ദം പലപ്പോഴും എനിക്ക് കേൾക്കാനായി. അവർ പേടിക്കേണ്ടതില്ല, കാരണം ഇത് പ്രസിദ്ധീകരണത്തിനും പൊതുവായി പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ളത് തന്നെയാണ്.)
