കോവിഡ്-19, കാലാവസ്ഥാ പ്രതിസന്ധി, സംഘർഷങ്ങൾ എന്നിവയാണ് കടുത്ത പട്ടിണിക്ക് കാരണമാകുന്ന മൂന്ന് പ്രധാന കാരണങ്ങളായി ഓക്സ്ഫാം ചൂണ്ടി കാണിക്കുന്നത്. കോവിഡ് 19 നേക്കാൾ വലിയ മഹാമാരി ഭക്ഷ്യക്ഷാമമാണ്. ഒരു മിനിറ്റിൽ ഏഴ് പേർ വീതമാണ് ഭക്ഷ്യക്ഷാമം മൂലം മരണപ്പെടുന്നത്.
ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഓക്സ്ഫാം കഴിഞ്ഞ ദിവസം പുറത്തുവിട്ട ചില കണക്കുകൾ നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽകുമ്പോൾ ഓരോ മിനിറ്റിലും 11 പേർ പട്ടിണി മൂലം മരിക്കുന്നുവെന്നാണ് ഓക്സ്ഫാംമിന്റെ റിപ്പോർട്ടുകൾ പറയുന്നത്. ഇവരുടെ കണക്കുകൾ പരിശോധിച്ചാൽ ലോകമെമ്പാടും ക്ഷാമം നേരിടുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറ് മടങ്ങാണ് വർധിച്ചതെന്ന് മനസിലാക്കാം.
എത്യോപ്യ, മഡഗാസ്കർ, ദക്ഷിണ സുഡാൻ, യമൻ എന്നിവിടങ്ങളിലാണ് കൂടുതൽ ക്ഷാമം നേരിട്ടത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 84,500 ആയിരുന്നു വാർഷിക മരണസംഖ്യയെങ്കിൽ, ഇക്കൊല്ലം 521,814 ആണ്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 500 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തുന്നത്.
കോവിഡ്-19, കാലാവസ്ഥാ പ്രതിസന്ധി, സംഘർഷങ്ങൾ എന്നിവയാണ് കടുത്ത പട്ടിണിക്ക് കാരണമാകുന്ന മൂന്ന് പ്രധാന കാരണങ്ങളായി ഓക്സ്ഫാം ചൂണ്ടി കാണിക്കുന്നത്. കോവിഡ് 19 നേക്കാൾ വലിയ മഹാമാരി ഭക്ഷ്യക്ഷാമമാണ്. ഒരു മിനിറ്റിൽ ഏഴ് പേർ വീതമാണ് ഭക്ഷ്യക്ഷാമം മൂലം മരണപ്പെടുന്നത്.
“ലോകമെമ്പാടുമുള്ള 155 ദശലക്ഷത്തോളം വരുന്ന ആളുകൾ ഇപ്പോൾ ഭക്ഷ്യക്ഷാമത്തിന്റ രൂക്ഷമായ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 20 ദശലക്ഷം കൂടുതലാണ്. കോവിഡ് -19ഉം സാമ്പത്തിക തകർച്ചയും, നിരന്തരമായ സംഘർഷങ്ങളും, വഷളായ കാലാവസ്ഥാ പ്രതിസന്ധിയും 520,000 ൽ അധികം ആളുകളെ പട്ടിണിയുടെ വക്കിലെത്തിച്ചിരിക്കുന്നു” – അമേരിക്കയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായ ആബി മാക്സ്മാൻ പറഞ്ഞു. “ഭക്ഷ്യക്ഷാമത്തിൽ മരിച്ചവരുടെ എണ്ണം COVID-19 നേക്കാൾ കൂടുതലാണ്. കോവിഡ് കാരണം 5,20,000 പേരാണ് പട്ടിണിയിലായത്. കോവിഡ് വ്യാപനം നേരിടുന്ന സമയത്തും രാജ്യങ്ങൾ സൈനിക ചിലവിനായി മാത്രം മാറ്റിവെച്ചത് 5100 കോടി ഡോളറാണ്. ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുകയുടെ ആറിരട്ടിയോളം വരുമിത്” – അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാഫുകളിൽ സൂചിപ്പിക്കുന്ന കണക്ക് ഇങ്ങനെയാണ്

എന്നാൽ ഇന്ത്യയിലെ പട്ടിണി മരണ കണക്കുകൾ പരിശോധിച്ചാൽ ഇതിനേക്കാൾ പരിതാപകരമാണ് എന്ന് കാണാം. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉൽപാദകരിൽ ഒരാളാണ് ഇന്ത്യ. വിരോധാഭാസമെന്നു പറയട്ടെ, പട്ടിണി കിടക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ലോകത്തെ പോഷകാഹാരക്കുറവുള്ള കുട്ടികളിൽ മൂന്നിലൊന്ന് പേരും ഇവിടെയാണുള്ളത്. വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, ഭക്ഷണത്തിൻ്റെ ലഭ്യതക്കുറവ്, ആരോഗ്യ സംവിധാനത്തിന്റെ കുറവ് എന്നീ കാര്യങ്ങൾ ദശലക്ഷക്കണക്കിന് കുട്ടികളിൽ വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്നാണ് ‘സേവ് ദി ചിൽഡ്രൻ’ പറയുന്നത്.
കോവിഡ് കേസുകൾ കാരണം ആശുപത്രികൾ നിറഞ്ഞതിനാൽ രോഗികളായ കുട്ടികൾക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല, കൂടാതെ സ്കൂളുകൾ അടച്ചത് കാരണം അവിടെ നിന്ന് കിട്ടുന്ന ഭക്ഷണം ഇല്ലാതായി. അവിടത്തെ ഭക്ഷണത്തെ മാത്രം ആശ്രയിച്ച നിരവധി കുട്ടികളും രക്ഷിതാക്കളുമുണ്ടായിരുന്നു. അവരുടെയെല്ലാം അന്നം മുട്ടി. കോവിഡ് കാരണം നിരവധി കുടുംബങ്ങൾക്കാണ് ജോലി നഷ്ട്ടപെട്ടത്.
2021 ഏപ്രിൽ മാസത്തിൽ മാത്രം 7.3 ദശലക്ഷത്തിലധികം തൊഴിലുകൾ നഷ്ടപ്പെട്ടിട്ടുണ്ടന്നാണ് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി റിപ്പോർട്ട് പറയുന്നത്. 100 ദശലക്ഷം ഇന്ത്യക്കാർക്ക് ഇത് വരെ റേഷൻ കാർഡുകളില്ല. അതുകൊണ്ട് തന്നെ സർക്കാർ ആനുകൂല്യങ്ങൾ കിട്ടുന്നില്ല.
പകർച്ചവ്യാധി സമയത്ത്, അന്താരാഷ്ട്ര ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ദിവസവും 2 വീതമാണ് വർധിക്കുന്നത്. വർധിച്ചു വരുന്ന ഇന്ധന വിലയും മറ്റൊരു കാരണമായിട്ടുണ്ട്. “ജോലിയില്ലാത്ത ഒരു ചേരി നിവാസിയ്ക്ക് 900 രൂപ വിലയുള്ള ഒരു പാചക ഗ്യാസ് സിലിണ്ടർ വാങ്ങാൻ കഴിയുമോ?” – ഡൽഹിയിലെ ചേരിയിൽ താമസിക്കുന്ന സാവന്ത് ചോദിക്കുന്നു. യമനിൽ താമസിക്കുന്ന ബഹ്ജ എന്ന യുവതി ഓക്സ്ഫാമിനോട് പറഞ്ഞത് ഇങ്ങനെയാണ്: “കോവിഡ് കാരണം എന്റെ ഭർത്താവിന് ജോലി നഷ്ട്ടപെട്ടു. എനിക്കാണെങ്കിൽ അസുഖവും. ആളുകളോട് ഭക്ഷണം യാചിച്ചും, ഹോട്ടലുകളിൽ നിന്ന് അവശിഷ്ടങ്ങൾ ശേഖരിച്ചും മറ്റുമാണ് ഞങ്ങൾ ഞങ്ങളുടെ കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്. ഇങ്ങനെ ശേഖരിച്ചവ പോലും ഞങ്ങൾക്ക് തികയാറില്ല”.
12 സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ പങ്കെടുത്ത 70% ആളുകളും പറയുന്നത് ഭക്ഷണത്തിന് പണം നൽകാൻ കഴിയാത്തതിനാൽ ഇപ്പൊൾ ഭക്ഷണം കഴിക്കാറില്ലന്നാണ്. കോവിഡ് വ്യാപനത്തെപ്പോലെ നമ്മൾ ഭക്ഷ്യക്ഷാമത്തെയും ഭയക്കേണ്ടതുണ്ട് എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
