ആയിരക്കണക്കിന് കത്തോലിക്കാ കന്യാസ്ത്രീകൾ സഭയുടെ കുടക്കീഴിൽ ലൈംഗിക അടിമത്തത്തിൽ കഴിയുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ തന്നെ ഏതാനും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അതിനിരയാകുന്നവർ അത് പുറത്തു പറയുന്നില്ല എന്നതാണ് വസ്തുത. കാരണം അവർക്കറിയാം നീതി ലഭ്യത എത്ര മാത്രം അസാധ്യമാണെന്ന്. അതിൻ്റെ ഉദാഹരണമാണല്ലോ സിസ്റ്റർ ലൂസിയുടെ അനുഭവങ്ങൾ
ഇന്ത്യയിലെ ഏതൊരു പൗരനും വ്യക്തിസ്വാതന്ത്ര്യത്തിനും നീതിക്കും അർഹതയില്ലേ? ഒരു കന്യാസ്ത്രീ ആയതു കൊണ്ട് ഇന്ത്യൻ കോടതി അവൾക്ക് നീതി നിഷേധിക്കുമോ? അതോ, അവൾ ഒരു മതത്തിന് വഴിപ്പെട്ടവൾ മാത്രമായതു കൊണ്ട് നീതിക്ക് അർഹയല്ലേ? കവിതകൾ എഴുതുക, പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, ഡ്രൈവിംഗ് പഠിക്കുക, നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയവ ചെയ്താൽ ഒരു ഇന്ത്യൻ പൗരനെ ശിക്ഷിക്കാൻ കഴിയുമോ? റോമിൽ നിന്ന് അരുളുന്ന നിയമങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയെ അസാധുവാക്കാൻ കഴിയുമോ? മതപരമായ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ പരിധിയിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ടോ? ഒരു കന്യാസ്ത്രീയുടെ ഇടപെടലുകളും അനുഭവങ്ങളും മുൻനിർത്തിയാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്. സിസ്റ്റര് ലൂസി കളപ്പുരയ്ക്കലാണ് ആ കന്യാസ്ത്രീ.
നാഗരികതയുടെ ചരിത്രത്തിൽ ഏറെ പ്രധാനമാണ് വ്യക്തിഗത സ്വാതന്ത്ര്യം. നൂറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ സമൂഹത്തിൽ നടമാടിയിരുന്ന ഒന്നായിരുന്നു അടിമത്തം. മനുഷ്യൻ പുരോഗമിച്ചതോടെ ഈ അടിമത്ത മനോഭാവം സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യപ്പെടുകയായിരുന്നു. എന്നാൽ, വ്യത്യസ്ത രീതികളിൽ അടിമത്തം ഇന്നും നമ്മളറിയാതെ നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. അതിൻ്റെ വ്യക്തമായ ഉദാഹരണമാണ് കന്യാസ്ത്രീകൾ അനുഭവിക്കുന്ന അടിമത്തം.
ആയിരക്കണക്കിന് കത്തോലിക്കാ കന്യാസ്ത്രീകൾ സഭയുടെ കുടക്കീഴിൽ ലൈംഗിക അടിമത്തത്തിൽ കഴിയുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ തന്നെ ഏതാനും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അതിനിരയാകുന്നവർ അത് പുറത്തു പറയുന്നില്ല എന്നതാണ് വസ്തുത. കാരണം അവർക്കറിയാം നീതി ലഭ്യത എത്ര മാത്രം അസാധ്യമാണെന്ന്. അതിൻ്റെ ഉദാഹരണമാണല്ലോ സിസ്റ്റർ ലൂസിയുടെ അനുഭവങ്ങൾ. ക്രൈസ്തവലോകം മൊത്തത്തിൽ മാർപ്പാപ്പയുടെ മനോവേദനയ്ക്ക് ചെവികൊടുത്തിരിക്കുമ്പോഴും ഈ മനുഷ്യത്വരഹിതമായ അവസ്ഥയെ നേരിടാൻ ഒരാളും മുന്നിൽ നിൽക്കുന്നില്ല.
ചെറുപ്പക്കാരികളായ, നിഷ്കളങ്കരായ പെൺകുട്ടികൾ കോൺവെന്റ് ജീവിതത്തിലേക്ക് ചെറുപ്രായത്തിൽ തന്നെ ആകർഷിക്കപ്പെടുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കന്യാസ്ത്രീയുടെ പവിത്രതയും മഹത്വവും ദാരിദ്ര്യവും അടുത്തറിഞ്ഞ പെൺകുട്ടികൾ കന്യാസ്ത്രീ ജീവിതത്തിലേക്ക് പെട്ടന്ന് ആകർഷിക്കപ്പെടുന്നു. ദരിദ്രരായ കത്തോലിക്കാ വിശ്വാസികൾക്ക് തങ്ങളുടെ മകൾ കന്യാസ്ത്രീ പദവികളിൽ എത്തിപ്പെടുത്തുന്നത് അവരുടെ കുടുംബത്തിന് തന്നെ അഭിമാനമാണ്. എന്നാൽ കോൺവെന്റുകളിലും മറ്റു സ്ഥാപനങ്ങളിലും കന്യാസ്ത്രീകളോട് പെരുമാറുന്നത് വിവേചനത്തോടെയാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകളിൽ കൂടുതൽ പേരെയും താഴ്ന്ന ജോലികൾക്കാണ് നിയോഗിക്കാറുള്ളത്. മാത്രമല്ല, പാവപെട്ട കന്യാസ്ത്രീകളാണ് കൂടുതൽ ദുരുപയോഗം ചെയ്യപ്പെടാനും ചൂഷണം ചെയ്യപ്പെടാനും സാധ്യതയുള്ളത്. അതിൽ സിസ്റ്റർ അഭയയുടേത് മാത്രമാണ് കൂടുതൽ ചർച്ചചെയ്യപ്പെട്ടത്. എന്നാൽ, പുറത്ത് വിടാത്ത നിരവധി കണക്കുകളാണ് സഭക്കുള്ളിൽ പൂഴ്ത്തിവെച്ചിട്ടുള്ളത്. അവരെല്ലാം, “ദുരൂഹസാഹചര്യത്തിൽ” കൊല്ലപ്പെടുകയോ, മാനസികരോഗത്തിന് അടിമപ്പെടുകയോ ചെയ്തവരാണ്.
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ നിരവധി കന്യാസ്ത്രീകളുടെ മൃതദേഹങ്ങളാണ് കോൺവെന്റ് കിണറുകളിൽ നിന്ന് കണ്ടെടുത്തതായി ആരോപിക്കപ്പെട്ടത്. എന്നാൽ ഇതൊന്നും ആരും അന്വേഷിച്ചിട്ടില്ല. ഇതിന് ഒരു കാരണം മാത്രമേയുള്ളൂ. അവർ ദരിദ്രരായിരുന്നു. അവരുടെ ജീവിതം പ്രശ്നമല്ല. സഭയെ അപമാനിക്കാതിരിക്കാനാണ് അവർക്ക് നീതി ലഭിക്കാതിരുന്നത്.
ഈ പശ്ചാത്തലത്തിലാണ് സിസ്റ്റർ ലൂസിയുടെ പോരാട്ടം പ്രസക്തമാകുന്നത്. കന്യാസ്ത്രീകളുടെ നീതിക്ക് വേണ്ടിയായിരുന്നു അവൾ ശബ്ദിച്ചത്. എന്നാൽ, ഇതിന്റ പേരിൽ സഭ അവൾക്കെതിരെ നടപടി എടുക്കുകയായിരുന്നു. രണ്ട് കാര്യങ്ങളാണ് സഭ ചെയ്തത്.
ഒന്ന്, ബിഷപ്പ് ഫ്രാങ്കോ മുലക്കൽ ബലാത്സംഗക്കേസിൽ ഇരയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനുള്ള ശിക്ഷയായി കോൺവെന്റിൽ നിന്ന് അവളെ പുറത്താക്കി. ഒരു കന്യാസ്ത്രീയെന്ന നിലയിൽ, ഇരയായ മറ്റൊരു കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെടാൻ അവൾക്ക് സ്വാതന്ത്ര്യമില്ലേ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സിസ്റ്റർ ലൂസി ഹൈസ്കൂളിലെ കണക്ക് അധ്യാപകയായി 30 വർഷമാണ് ജോലി ചെയ്തത്. അവളുടെ ശമ്പളം കോൺവെന്റ് പിടിച്ചെടുത്തു. ഇപ്പോൾ, അവളെ അവിടെനിന്ന് ഒഴിവാക്കി. എന്നാൽ നഷ്ടപരിഹാരമോ, സാമ്പത്തിക സഹായമോ ഒന്നും നൽകാതെ അവരെ തെരുവിലേക്ക് വലിച്ചെറിയണോ?
ഹൃദയശൂന്യമായ ഇത്തരമൊരു നിയമം എന്തുകൊണ്ടാണ് നിലനിൽക്കുന്നത്? തങ്ങൾക്കെതിരെ എന്തെങ്കിലും സംസാരിച്ചാൽ ഇതായിരിക്കും എല്ലാവരുടെയും അവസ്ഥ എന്നറിയിക്കുകയാണ് അവരുടെ ഉദ്ദേശ്യം. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? കാരണം, കോൺവെന്റ് വിടുന്നത് സാമ്പത്തികമായി ഗുണകരമാണെങ്കിൽ, ആയിരക്കണക്കിന് കന്യാസ്ത്രീകൾ അവിടെ നിന്ന് പുറത്ത്പോകുമെന്ന് അവർക്കുറപ്പാണ്. ഇത് വലിയ സാമ്പത്തിക തിരിച്ചടിയാണ് സഭക്ക് ഉണ്ടാക്കുക. മാത്രമല്ല, സഭയിലെ പുരോഹിത ബ്രഹ്മചര്യത്തിനുള്ള തിരിച്ചടിയും ആയിരിക്കും അത്. അതുകൊണ്ട് തന്നെയാണ് അവരെ ഇങ്ങനെ പീഡിപ്പിക്കുന്നത്. എന്നാൽ, ഇതൊന്നും അവരുടെ പോരാട്ടത്തെ ബാധിക്കുന്നില്ല.
സിസ്റ്റർ ലൂസി കോൺവെന്റിൽ നിന്ന് പുറത്തുപോയാൽ മാത്രമേ അവൾക്ക് ശാരീരിക സംരക്ഷണം നൽകാൻ കഴിയുകയുള്ളൂ എന്ന നിലപാടാണ് കേരള ഹൈക്കോടതി സ്വീകരിച്ചത്. അത്തരമൊരു നിലപാട് സഭയുടെ പ്രതികാരപരമായ മനോഭാവത്തെ ഒന്നും കൂടെ ശക്തിപ്പെടുത്തുന്നു, കൂടാതെ വിമോചനത്തിനായി കൊതിക്കുന്ന ആയിരക്കണക്കിന് കന്യാസ്ത്രീകളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും നിരാശപ്പെടുത്തുകയും ചെയ്യുന്നു.
ഒരു കന്യാസ്ത്രീ അവളുടെ ജീവിതകാലം മുഴുവൻ സജീവമായി ജോലി ചെയ്യുകയും എന്നാൽ, അവസാനം ഒരു രൂപപോലും അവൾക്ക് നൽകാതെ അവളെ തെരുവിലേക്ക് തള്ളിവിടുകയും ചെയ്യുന്നു! തീർച്ചയായും, ഒരു പരിഷ്കൃത സമൂഹത്തിലെ നീതിയെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഇവിടെ ഇല്ലാതാക്കുന്നത്. ഇത്തരം മത നിയമങ്ങൾ തുടരണമോ എന്ന് തീരുമാനിക്കാൻ സിസ്റ്റർ ലൂസി കേസ് ഒരു ഉദാഹരണമായി പരിഗണിക്കേണ്ടതാണ്.
